Sunday, March 19, 2006

പണ്ടൊരു പുഴയരികില്‍

"പണ്ടൊരു പുഴയരികില്‍...
പവിഴ മല്ലി തളിരിതളില്‍..."

നജീബാണ്‌ പാട്ടു തുടങ്ങിയത്‌...

"ഉരുണ്ടു വീഴാനൊരുങ്ങി നിന്നൂ...
ഒരു തുള്ളി മഴവെള്ളം..."

ഞാന്‍ ആവേശത്തോടെ കൂടെ പാടി.

"ഒരു തുള്ളി മഴവെള്ളം..."

അതിലേറെ ആവേശത്തിലും ശബ്ദത്തിലും സലീമും തുടങ്ങി. തുടര്‍ന്നു ബാക്കിയുള്ളവരും. പിന്നെയങ്ങോട്ടൊരു ഗാനമേളയായിരുന്നു. കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്ക്‌. നാടുകാണി ചുരമിറങ്ങി വരുന്ന Tata Sumo യിലിരുന്ന് ഞങ്ങള്‍ പണ്ടുകാലത്തു കേട്ടു പഠിച്ച പാട്ടുകള്‍ മുഴുവന്‍ ആവേശത്തോടെ പാടി.

ആമയും മുയലും ഓട്ട പന്തയം വെച്ചതും മാതേവനും മല്ലനും തേന്‍ തേടി പോയതുമൊക്കെ മ്യൂസിക്കോടു കൂടി പാടുന്നതു ഡ്രൈവര്‍ അല്‍ഭുതത്തോടെ കേട്ടിരിന്നു. എന്തൊക്കെയായാലും ഈ പഹയന്മാരുടെ പാട്ടുകാരണം അര്‍ദ്ധരാത്രിയിലും ഉറക്കം തൂങ്ങാതെ വണ്ടി വിടാമല്ലൊ എന്നതു മാത്രമായിരുന്നു അയാളുടെ ആശ്വാസം.

ഭാര്യമാരെയൊക്കെ വീട്ടിലാക്കി ഒരു ദിവസത്തെ Boys Day Out നിറങ്ങിയതായിരുന്നു ഞങ്ങള്‍, കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍. ടൂറിന്റെ അവസാനം കുറിച്ച്‌ വണ്ടി ചുങ്കത്തറയിലേക്കു പ്രവേശിച്ചതോടെ എല്ലാവരും നിശ്ശബ്ദരായി. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ സലീമിനു ഗള്‍ഫിലേക്കു തിരിച്ചു പറക്കണം. പിന്നെ അടുത്ത വര്‍ഷം അവധിക്കു വരുന്നതു വരെ തിരക്കു പിടിച്ച അവിടുത്തെ ജീവിതത്തിനിടയില്‍ ആശ്വാസം നല്‍കുന്നത്‌ ഇതു പോലത്തെ സന്തോഷകരമായ നിമിഷങ്ങളുടെ ഓര്‍മകളായിരിക്കും. നജീബിനാണെങ്കില്‍ പിറ്റേ ദിവസം മുതല്‍ ഉത്തരവാദിത്തം പിടിച്ച അധ്യാപക ജോലിയുടെ തിരക്കായിരിക്കും. ബാംഗ്ലൂരിലെ കമ്പ്യൂട്ടറുകളുടെ ലോകത്തേക്കു തിരിച്ചു പോകുന്നത്‌ ചിന്തിക്കാന്‍ തന്നെ ഞാന്‍ ഇഷ്ടപ്പെട്ടില്ല. പകരം, കുട്ടിക്കാലത്തെ ഓര്‍മകളില്‍ സന്തോഷം കണ്ടെത്താനായിരുന്നു എനിക്കു താല്‍പ്പര്യം.

അന്നെല്ലാം ഉമ്മ വീടായ ചുങ്കത്തറയിലായിരുന്നു എന്റെ താമസം. സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യത്തെ പരിപാടി പുഴയില്‍ പോക്കാണ്‌. പുസ്തക സഞ്ചി റൂമിലേക്കെറിഞ്ഞു ചായയും വലിച്ചു കുടിച്ചു പുഴയില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉമ്മാന്റെ ഉപ്പയായ വല്യുപ്പ മാത്രമായിരുന്നു ഒരു പ്രശ്നം. വല്യുപ്പാനെ കാണാതെ വീട്ടില്‍ നിന്നും മുങ്ങല്‍ അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും പുഴയിലേക്ക്‌.

എന്നെക്കാളും രണ്ടു വയസ്സു മാത്രം കൂടുതലുള്ള സലീം എന്റെ അമ്മാവനും കൂടിയാണ്‌. ഏറ്റവും ചെറിയ അമ്മാവനായ അസ്ലമിന്‌ എന്നേക്കാള്‍ കുറച്ച്‌ മാസങ്ങള്‍ മാത്രമാണ്‌ പ്രായം കുറവ്‌. ഒരുമിച്ചു ഒരേ വീട്ടില്‍ കളിച്ചു വളര്‍ന്ന ഞങ്ങള്‍ക്കു കര്‍ക്കശക്കാരനായ വല്യുപ്പാന്റെ (അതായത്‌ അവരുടെ ഉപ്പാന്റെ), നിയന്ത്രണങ്ങള്‍ മാത്രമായിരുന്നു ഒരു പ്രശ്നം.

ആരുടേയും ശ്രദ്ദയില്‍ പെടാതെ, കുളിമുറിയില്‍ നിന്ന് തോര്‍ത്ത്‌ മുണ്ട്‌ കൈക്കലാക്കി അരയില്‍ ചുറ്റി ഒളിപ്പിക്കും. ചെറിയ സോപ്പു കഷ്ണമുണ്ടെങ്കില്‍ അതു പോക്കറ്റിലുമാക്കും. പിന്നെ നജീബിന്റെ സിഗ്നലിനു വേണ്ടിയുള്ള കാത്തിരിപ്പാണ്‌. നാവ്‌ മുകളിലേക്കു മടക്കി തുളച്ചു കയറുന്ന പ്രത്യേക ശബ്ദത്തില്‍ 'ട്‌ട്ടോ' എന്ന്‌ ഞൊട്ടലായിരുന്നു ഞങ്ങള്‍ക്കിടയിലെ സിഗ്നല്‍. വല്യുപ്പാനേക്കളും കര്‍ക്കശക്കാരനായ അവന്റെ ബാപ്പാനെ വെട്ടിച്ച്‌ തരികിട കാണിക്കുന്നതില്‍ നജീബ്‌ പണ്ടേ മിടുക്കനായിരുന്നു. വീടിന്റെ മതിലിനു പുറത്തു നിന്നു നജീബിന്റെ ഞൊട്ടല്‍ കേട്ടാലുടനെ ഞങ്ങളും പുറത്തിറങ്ങും. എന്തെങ്കിലും കാരണം കൊണ്ടു അവന്‍ വൈകുകയാണെങ്കില്‍, പുഴയിലേക്കു ഞങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശം ഒരു മതിലില്‍ കല്ലു കൊണ്ട്‌ കോറിയിട്ട്‌ ഞങ്ങള്‍ പോകും. നജീബിന്റെ ബാപ്പാന്റെ കണ്മുന്നില്‍ പെട്ടാലോയെന്നു പേടിച്ച്‌ അവന്റെ വീട്ടിനടുത്ത്‌ പോയി വിളിക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല.

ഒരു കിലോമീറ്ററിലധികം ദൂരമുള്ള പുഴയിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ വളരെയധികം സംഭവബഹുലമായിരുന്നു. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സിനിമകള്‍ കാണാന്‍ അവസരം കിട്ടിയിരുന്ന നജീബ്‌ അവയുടെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു തരും. "പിന്നെ.. മമ്മൂട്ടി കാറില്‍ നിന്ന് ചാടിയിറങ്ങും." നജീബ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍, ആകാംക്ഷയോടെ ഞങ്ങള്‍ ചോദിക്കും: "ന്ന്ട്ട്‌?". അപ്പോഴേക്കും അവന്‍ കഥ ഒന്നു കൂടെ ഓര്‍ത്തെടുത്ത്‌ തിരുത്തും: "അല്ല്ല... മമ്മൂട്ടിയല്ല... സുരേഷ്‌ ഗോപി... യെറങ്ങ്യപ്പൊ തന്നെ, പിന്നെ അടിയാണ്‌.. പെരും അടി..". "അപ്പൊ, ഓളെന്താ കാട്ട്യേത്‌?". ഞങ്ങളുടെ ഒരോ ചോദ്യത്തിനും നജീബ്‌ സ്വതശിദ്ധമായ ശൈലിയില്‍ മുഖഭാവങ്ങള്‍ മാറ്റി ആംഗ്യങ്ങള്‍ കാണിച്ച്‌ മറുപടി പറയും: "ഓള്‌ എന്ത്‌ കാട്ടാനാ... ഓള്‌ പെരും നെലോളിയെയ്കാരം..".

മരച്ചില്ലകളിലേക്ക്‌ കല്ലു പതിക്കുന്ന ശബ്ദം കേട്ട്‌ നജീബ്‌ കഥ പറച്ചില്‍ നിര്‍ത്തി. സലീമിന്റെ കവണയില്‍ നിന്നായിരുന്നു അത്‌.

5 comments:

  1. valare nanayirikunnu, kurachu samayam kuttikalatheku madanhi poyi. Gulfilo doore evideyengilum akumbozhanu nadinte manam orkan sugham

    ReplyDelete
  2. സ്വാഗതം സുഹൃത്തേ.
    ബ്ലോഗ് നന്നായിട്ടുണ്ട്.

    ReplyDelete
  3. അല്പം വൈകിയാണെങ്കിലും സ്വാഗതം കൂട്ടുകാര.
    നന്നാവുന്നുണ്ട് ബാല്യകാലസ്മരണകള്‍.
    തുടര്‍ച്ചയ്ക്കായ് കാത്തിരിക്കുന്നു.

    ReplyDelete
  4. priya muttipalakkara,
    njan ennum athuvazhi yatra cheythirunna oru vazhipokkanayirunnu,
    ente patanam manjeri HMYHS lum NSS lum mayirunnu,
    swadesham padinhattummuri pallipurathinaduthe

    ReplyDelete
  5. njaanum, najeebum, firosum kandu ninte booloka kurippukal... nannayittund.

    ReplyDelete